Tuesday, August 23, 2016

അഷ്ടാംഗ ഹൃദയം മതശാസനമോ?

"ആയുർവേദം ശാസ്ത്രമല്ല മതശാസസനം" എന്ന ദോഷൈകദൃക്കായ   ഡോക്ടർ കെ.പി. മോഹനന്റെ മാതൃഭൂമി ആഴ്ചപതിപ്പിലെ  ലേഖനം തീർത്തും തരം താഴ്ന്നതായി. കേവലം അഷ്ടാംഗഹൃദയത്തിന്റെ ഒരു വ്യാഖ്യാന ഗ്രന്ഥത്തെ അപഗ്രഥിച്ചു ആയുർവേദത്തെ മൊത്തം കരിവാരി തേക്കാനുള്ള ഒരു ശ്രമമായി മാത്രമേ അതിനെ കാണാൻ പറ്റൂ

സർക്കുലേഷൻ കൂട്ടുവാൻ ഏതു കുടിലതന്ത്രവും ഉപയോഗിക്കാം എന്ന മാതൃഭൂമിയുടെ തരം താഴ്ന്ന ചെന്നായയുടെ വേല ഒരുനാൾ അവർക്കു തന്നെ തിരിച്ചടിക്കും എന്ന് കാലം തെളിയിക്കും. ഉറപ്പ്. 

2014 മുതൽ ഹിന്ദു മുസ്ലിങ്ങളെ അകറ്റി ആയിരുന്നു മാതൃഭൂമിയുടെ നീക്കങ്ങൾ, ഇപ്പോൾ ആയുർവേദ ത്തെയും ആധുനിക വൈദ്യശാസ്ത്രത്തെയും തെറ്റിക്കാൻ നടത്തുന്ന ഈ ശ്രമം എതിർത്ത് തോൽപിക്കുക തന്നെ വേണം. രോഗികളിൽ ആയുർവേദത്തെ പറ്റി തെറ്റായ സന്ദേശം മാത്രമേ ഇത്തരം ലേഖനങ്ങൾ നൽകു.

ആലങ്കാരികമായി കലയിലും ശാസ്ത്രത്തിലും അതിഭാവുകത്വം ചേർത്ത് പറയുന്ന കാലഘട്ടത്തിൽ എഴുതിയ ഗ്രന്ഥം എന്ന നിലയിൽ അഷ്ടാംഗഹൃദയത്തിലെ വിവരണം ആധുനിക കാലഘട്ടത്തിൽ വിവരക്കേടാ തോന്നാം, എങ്കിലും ഒരു ആയുർവേദ കോളേജിലും ഇത്തരം അതിഭാവുകത്വങ്ങൾക്കു പ്രാധാന്യം കൊടുക്കുന്നില്ല. അദ്ധാപകർ പല ഗ്രന്ഥങ്ങളിൽനിന്നുള്ള സാരം മാത്രം ആണ് ആയുർവേദ വിദ്യാർത്ഥികൾക്ക് പകർന്നു നൽകുന്നതു ഫർമക്കോളജി ഒഴിച്ചുള്ള, രോഗനിർണയത്തിന് ഉതകുന്ന ആധുനിക വൈദ്യശാസ്ത്ര തത്വങ്ങളെ വിദ്യാർത്ഥികളെ ആയുർവേദ കോളേജുകളിൽ പഠിപ്പിക്കുന്നുമുണ്ട്. ഇക്കാര്യത്തിൽ ഒരു സാമാന്യ വിജ്ഞാനമുണ്ടായിരുന്നെങ്കിൽ ഇത്തരം അബദ്ധപ്പെരുമഴ എഴുന്നെള്ളിക്കില്ലായിരുന്നു.

ചരിത്രാതീത കാലഘട്ടം മുതൽ ലോകത്തിന്റെ പലഭാഗങ്ങളിലും വൈദ്യശാസ്ത്രം ഉണ്ടായിട്ടുണ്ട്. ആമസോണിയയിലും, ആഫ്രിക്കൻ ഭൂഖണ്ഡത്തിലും, ഇന്തോനേഷ്യയിലും ആസ്ട്രേലിയൻ ആദിവാസികളിലും അതിന്റെ ശേഷിപ്പുകൾ കാണാൻ പറ്റും. 

എങ്കിലും ഭാരതീയ വൈദ്യവും ചൈനീസ് വൈദ്യവും മാത്രമേ കാലത്തിന്റെയും വൈദേശിക ആക്രമണത്തിന്റെയും കുത്തൊഴുക്കിൽ പിടിച്ചു നിന്നിട്ടുള്ളു.
ആയുർവേദം എന്നതു ഇന്നും ഒരു ശാസ്ത്ര ശാഖയായി നിലനിൽക്കുന്നതിനു നാം കടപെട്ടിരിക്കുന്നതു സംസ്‌കൃതം എന്ന ദേവഭാഷയോടാണ്. മൃതഭാഷയെന്നു ജനപ്രതിനിധികൾ പോലും പരിഹസിക്കുന്ന ഭാഷ.

വ്യാകരണനിയമങ്ങൾ വളരെ ദൃഢമായ സംസ്‌കൃതം മറ്റുഭാഷകളെ പോലെ വളരുന്നില്ല. അതിനർത്ഥം ഈ ഭാഷ നശിച്ചു എന്നല്ല, സനാതനം ആണ് അത്;  2000 വര്ഷം മുൻപ് എഴുതുന്ന സംസ്കൃതവും ഇന്നത്തെ സംസ്കൃതവും ഒന്നാണ്. നിരന്തരമായ വൈദേശികാധിപത്യത്തിൽ നിന്നും ആയുർവേദത്തെ കവചകുണ്ഡലങ്ങളെ പോലെ രക്ഷിച്ചതു സംസ്‌കൃതം എന്ന മഹത്തായ ഭാഷ മാത്രം!

ആരുടെയോ ആജ്ഞാനുവർത്തിയെ പോലെ സംസ്കൃതത്തെയും മോഹനൻ ഡോക്ടർ വെറുതെ വിടുന്നില്ല. അഷ്ടവൈദ്യ പരമ്പരയും അഷ്ടാംഗ ഹൃദയവും തമ്മിൽ വലിയ ബന്ധം ഒന്നും ഇല്ല. തെക്കേ മലബാറിലെ 8 ഉന്നത ജാതിക്കാരായ വൈദ്യൻമാരാണ് അഷ്ടവൈദ്യന്മാർ. അവരെക്കാളും  മിടുക്കന്മാരായ വൈദ്യന്മാർ ഈഴവ - വണ്ണാൻ സമുദായത്തിൽ നിന്നുള്ളവരാണ്. അന്ധൻ ആനയെ കണ്ടപോലെ ഒരു പുസ്തകം മാത്രം വായിച്ചു മോഹനൻ എന്തൊക്കെയോ പുലമ്പുന്നു 

അഷ്ടാംഗഹൃദയം ആരംഭിക്കുന്നതു 'രാഗാദികളായ രോഗങ്ങളെ നശിപ്പിച്ച ഒരു അപൂർവ വൈദ്യന് നമസ്കാരം അർപ്പിച്ചു കൊണ്ടാണ്. മതത്തിന്റെയോ വേദത്തിന്റെയോ ഒരു കണിക പോലും ആ മംഗള ശ്ലോകത്തിൽ ഇല്ല. മാനസിക വേഗങ്ങളായ രാഗദ്വേഷാദികളെ ഹനിച്ച ആ മഹാവൈദ്യന്‌ മംഗളം എങ്ങനെ ഒരു മതത്തിന്റെ ഗ്രന്ഥം ആകും?

പഞ്ചഭൂത സിദ്ധാന്തത്തെയും അല്പജ്ഞാനിയായ ഡോക്ടർ പരിഹസിക്കുന്നുണ്ട്. ആറ്റം, തന്മാത്ര എന്നിവയെപറ്റി അറിവില്ലാത്ത കാലത്തു ഉത്ഭവിച്ച ഒരു സിദ്ധാന്തം എങ്ങനെ ആണ് അശാസ്ത്രീയമാകുന്നത് ?

ശീതം ഉഷ്ണം എന്നതിനെ പറ്റിയും ഈ ഡോക്ടർക്ക് വികലമായ ധാരണയെ ഉള്ളു. ഈ ഒരു വിജ്ഞാനം ഭാരതീയർക്ക് ഏവർക്കും അനുഭവ വേദ്യമാണ് (subjective perception) .  മുളകും വെളുത്തുള്ളിയും ഉഷ്ണ വീര്യം എന്നത് അത് കഴിച്ചിട്ടുള്ള ആർക്കും മനസിലാക്കാവുന്നതേ ഉള്ളു. അറബ് നാടുകളി പോലും ഈ സിദ്ധാന്തവും നിലനിൽക്കുന്നുണ്ട്, അതിൽ പോലും "മതാന്ധത' കാണുന്ന ലേഖകന്റെ വിജ്ഞാന മണ്ഡലത്തോടൊപ്പം തന്റെ ഹൃദയവും ഇടുങ്ങിയതാണെന്നു ലേഖകൻ നമുക്ക് തുറന്നു കാട്ടുന്നു.

ഉഷ്ണ വീര്യങ്ങൾ ആഹാര ഔഷധങ്ങളിൽ മാത്രമല്ല ഉള്ളത്,  മറിച്ചു കൃഷിയിലും അതുണ്ട്. ചാണകവും കോഴികാഷ്ടവും മികച്ച വളമാണെന്നു നമുക്കറിയാം, ഇതിൽ കോഴിക്കാഷ്ടം ഉഷ്ണ ഗുണമുള്ളതാണ് എന്ന് ഏതൊരു കർഷകനും അറിയാം. ശാസ്ത്രീയമായി പറഞ്ഞാൽ ഫെർമെണ്റ്റേഷൻ (fermentation ) നും ബാക്റ്റീരിയയുടെ പ്രവർത്തനം നടക്കുന്ന exothermic  പ്രതിപ്രവർത്തനത്തെ ആണ് ഉഷ്ണ വീര്യം എന്ന് വ്യവഹരിക്കുന്നതു. സംസ്കാരത്തെയും നാട്ടറിവുകളെയും അപമാനിക്കാൻ മാത്രമായി മാതൃഭൂമി ഇദ്ദേഹത്തിന് വേദി നൽകിയത് ഒട്ടും ഭൂഷണമല്ല

ഏതൊരു ജീവനുള്ള വസ്തുവും അതിന്റെ ആയുസെത്തിയാൽ നശിക്കണം, ഇത് ഒരു പ്രകൃതി നിയമമാണ്, ആധുനിക വൈദ്യശാസ്ത്രം അതിനെ apoptosis  എന്ന് പറയുന്നു. ഈ ഒരു കർമം ചെയ്യുന്നതാണ് ധനഞ്ജയൻ എന്ന വായുവാന്, അത് കൊണ്ടാണ് വാർധക്യ കാലത്തു വാതം കൂടുതൽ സജീവമാണെന്ന് പറയുന്നതു. അതിൽ ഇത്ര പരിഹസിക്കാൻ എന്തുണ്ട്?

പൗരസ്ത്യ സംസ്കാരത്തിൽ രൂഢമൂലമായ സംസാരചക്രം ആയുർവേദത്തിലും കാണുന്നതു സ്വാഭാവികം. ജീവൻ എന്നതു സൃഷ്ടിക്കാൻ ശാസ്ത്രലോകത്തിന് കഴിയുമോ? (without using any  pre-existing  cells ) ഈ ഒരു സമസ്യ ശാസ്ത്രലോകത്തിന് മുന്പിലുള്ളപ്പോൾ അരണിയും അഗ്നിയും ആയുള്ള ജനന പ്രക്രീയയെ, തദ്വാരാ ഒരു സംസ്കാരത്തെ തന്നെ പരിഹസിക്കാൻ കിട്ടിയ അവസരം ഉപയോഗിക്കുന്നതു പുനർജന്മത്തിൽ വിശ്വാസം ഇല്ലാതെ മാതൃഭൂമിയുടെ പുതിയ സെമിറ്റിക് യജമാനന്മാരെ സംപ്രീതിപ്പെടുത്താൻ ആണ് ശ്രമം എന്ന് സ്പഷ്ടം.
പതിനാറു തികഞ്ഞ ഒരു യുവതിയും ഇരുപതുകഴിഞ്ഞ പുരുഷനുമായുള്ള സഹവർത്തിത്തത്തിൽ നിന്നും ഉത്തമനായ പുരുഷപ്രജ ജനിക്കും എന്നതിൽ എന്താണ് സ്ത്രീ വിരുദ്ധം?  ഉത്തമ സന്താനം ജനിക്കും എന്ന് മനസിലാക്കിയാൽ പോരെ? അങ്ങിനെ അല്ലാത്ത അവസ്ഥയിൽ ഒരു സ്ത്രീ പ്രജ ജനിക്കും എന്ന് ആയുർവേദത്തിൽ എവിടെയും പറഞ്ഞിട്ടില്ല. ഇല്ലാത്ത വിവർത്തനം നൽകി വെറുപ്പിന്റെ വ്യാപാരത്തെ പോഷിപ്പിക്കുക മാത്രമാണ് ലേഖകന്റേയും മാതൃഭുമിയുടെയും ഉദ്ദേശം.    ഈയൊരു ലോജിക് വെച്ച് പറയുകയാണെങ്കിൽ, Homo sapiens (Latin: "wise man") എന്ന് അർഥം വരുന്ന ഹോമോ സാപിയൻസ് എന്ന് പറയുന്ന ആധുനിക ശാസ്ത്രവും സ്ത്രീ വിരുദ്ധം ആകില്ലേ?

ജ്വര രോഗത്തെയും വിടുന്നില്ല. ജ്വരം എന്നതു ക്ഷേത്രമാകുന്ന ശരീരത്തിലെ ദേവന്റെ കോപമത്രേ  എന്ന ഒരു വരി ആയുർവേദ ഗ്രന്ഥങ്ങൾ പറയുന്നുണ്ട്; അത് മാത്രമാണ് ജ്വര നിദാനം എന്ന് വരുത്തി തീർക്കാൻ വ്യഗ്രതപെടുന്നതു എന്തിനാണെന്നു മനസിലാകുന്നില്ല. സൗമ്യ ഗുണരൂപയായ ശരീരത്തിന്റെ സതിയെ’ (immunity) നഷ്ടപ്പെടുമ്പോൾ രുദ്രദേവന്റെ കോപമാകുന്ന താപം കൊണ്ട് സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നു എന്ന് വ്യംഗ്യം.

അടുത്ത പ്രഹരം രാജയക്ഷ്മാവ് എന്ന രോഗത്തെ പരിഹസിച്ചാണ്. അകമ്പടികളുമായി രാജാവ്  വരുന്നതിനു സമാനമായി അനുബന്ധ രോഗങ്ങൾ വളരെയധികമുള്ളതിനാലാണ് 'രോഗ രാജാവ് എന്ന് ക്ഷയം (tuberculosis ) അറിയപ്പെടുന്നത്, ഇതിൽ ഇത്ര പരിഹസിക്കാൻ എന്തുണ്ട്. 80 വര്ഷം മുൻപ് പെൻസിലിൻ കണ്ടുപിടിക്കുന്നതിനു മുൻപേ ഏതു ശാസ്ത്രശാഖയിലും രോഗിയുടെ രോഗപ്രതിരോധ ശക്തി കൂട്ടുന്ന ചികില്സത്സാരീതി മാത്രമേ നിലവിലുണ്ടായിരുന്നു.

നാളെ ബാക്ടീരിയകൾ  ആന്റിബയോട്ടിക്കുകൾ  കൊണ്ട് തടയാൻ പറ്റാത്ത ഒരു അവസ്ഥ സംജാതമാവുകയാണെങ്കിൽ ആയുർവേദ ചികിത്സ രീതി തന്നെ എല്ലാവരിലും വീണ്ടും ചെയ്യേണ്ടി വരും. യുക്തിക്കു നിരക്കാതെ മനുഷ്യനിലും മൃഗങ്ങളിലും ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് അവയുടെ പൊട്ടൻസി  ആധുനിക വൈദ്യന്മാർ തന്നെ നശിപ്പിച്ചിട്ടുണ്ട്.

പ്രമേഹനിദാനത്തിൽ ലേഖകന് സങ്കടം രോഗപ്രക്രീയ വിവരിച്ചില്ല എന്നതാണ്. പ്രമേഹ നിദാനത്തിൽ ആയുർ വേദത്തിനു പിഴച്ചു എന്ന് പറയാൻ ഡോക്ടർക്ക് ധൈര്യം പോരാ.  ജീവിത ശൈലിയും പാരമ്പര്യത്തെയും ആയുർവ്വേദം പ്രമേഹഹേതുക്കളായി പറഞത് തെറ്റാണെന്നും ഇദ്ദേഹം സമർത്ഥിക്കാൻ ശ്രമിക്കുന്നു. ഇപ്പറഞ്ഞതിൽ എന്താണ് തെറ്റെന്നു മാതൃഭൂമി വിശദികരിച്ചാൽ കൊള്ളാം.പ്രമേഹ ചികിത്സായിൽ രോഗിക്കുള്ള ഭക്ഷണത്തെ പറ്റി ഒരു സാമാന്യ വിവരണം നൽകുന്നുണ്ട്. ഗ്ലൈസീമിക് ഇൻഡക്സ് എന്ന ആധുനിക ശാസ്ത്രത്തെ ന്യായീകരിക്കുന്ന ഭക്ഷണങ്ങളുടെ ഒരു ലിസ്റ്റ് തന്നെ ഇതിലുണ്ട്. അഷ്ടാംഗ ഹൃദയത്തിലെ തെറ്റുകൾ മാത്രം തെരഞ്ഞു പിടിക്കുന്ന വ്യഗ്രതയിൽ ഈ ഭാഗം ലേഖകൻ കണ്ടു കാണില്ല.
നിർദ്ധനനായ പ്രമേഹ രോഗി നാല്കാലികളെ പോലെ ഇലകൾ കഴിക്കാൻ ആചാര്യൻ ഉപദേശിക്കുണ്ട്. ഇതോടൊപ്പം ഗോമൂത്രവും ചാണകവും. ആധുനിക ശാസ്ത്രലോകത്തിന് മൈറ്റോകോൺഡ്രിയയുടെ പ്രവർത്തനം നിരീക്ഷിച്ചാൽ കാണാം, പല പ്രമേഹരോഗികൾക്കും ഇൻസുലിന്റെ അഭാവം അല്ല, കോശങ്ങളിലെ അഗ്നിമാന്ദ്യം ആണ് അതിനു കാരണം എന്ന്. പച്ചിലകളിൽ കൂടി ലഭിക്കുന്ന മഗ്നീഷ്യം അടക്കമുള്ള മൈക്രോ ന്യൂട്രിയന്റ്സ് കിട്ടാൻ ആണ് ഡോക്ടറെ പച്ചില കഴിക്കാൻ പറയുന്നതു. ഇതിൽ ശാസ്ത്രീയത  ഉണ്ട്.

നമ്മൾ പലപ്പോഴും പരിഭവിക്കാറുണ്ട്, ഇന്ത്യ സാമാന്യമായും കേരളം പ്രതേകിച്ചും ലോകത്തിന്റെ 'പ്രമേഹ തലസ്ഥാനം ആകുന്നു എന്ന്? ഇതിന്റെ കാരണം മോഹനൻ ഡോക്ടർ അന്വേഷിച്ചാൽ അറിയാം, ഇതിനുള്ള കാരണം നമ്മുടെ ജീനുകൾ തന്നെ എന്ന്.

മനുഷ്യന്റെ പരിണാമ ഘട്ടത്തിൽ ഇത് പോലെ 3-4 നേരം ഭക്ഷണം കഴിക്കാൻ പറ്റിയിരുന്നില്ല, സ്വാഭാവികമായും ചുരുങ്ങിയ ഭക്ഷണം ഉപയോഗിച്ച് മനുഷ്യ ജന്മം തൃപ്തികരമായി നയിക്കാൻ സഹായിച്ചിട്ടുള്ളത്; നമ്മൾ ഏഷ്യാക്കാരിൽ കൂടുതലായി കണ്ടുവരുന്ന പിശുക്കു ജീനുകൾ തന്നെ ആയിരുന്നു (Thrifty genes ). കാലക്രമത്തിൽ ഭാരതത്തിലും ഭക്ഷ്യസംബന്ധമായി അഭിവൃദ്ധി ഉണ്ടായപ്പോൾ ആ  പിശുക്കു ജീനുകൾ നമുക്ക് പാരയായി. കൂടുതൽ അളവിൽ വരുന്ന പോഷകങ്ങൾ എങ്ങനെ ഉപയോഗിക്കണം എന്ന് ശരീരത്തിന് മനസിലാകാതെ വന്നു, ഇത് പ്രമേഹത്തിനു ഒരു കാരണമാകുന്നു. ഇക്കാര്യം ആധുനിക വൈദ്യം അടിവര ഇട്ടു തെളിയിച്ച കാര്യം ആണ്.  ഡോക്ടർ മോഹനന് അറിയാതെ പോയല്ലോ! കഷ്ടം!

അല്ല ആയുർവേദത്തെ താഴ്ത്തിക്കെട്ടാൻ അറിയില്ല എന്ന് നടിച്ചതാണോ?

മോഹനന്റെ അല്പജ്ഞാനം ശരിക്കും പുറത്തു വരുന്നതു കുഷം എന്ന് ആയുർവ്വേദം വ്യവഹരിക്കുന്ന ത്വക് രോഗങ്ങളെ  കീറിമുറിക്കുമ്പോൾ ആണ്. ഇവിടെയും പൂർവ്വജന്മ പാപങ്ങൾ കാരണമാണ് കുഷ്ഠം (skin  diseases ) വരുന്നതു എന്ന ഒരു വരി അഷ്ടാംഗ ഹൃദയത്തിൽ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു മൊത്തം ത്വഗ്രോഗങ്ങൾക്കും കാരണം ഇത് മാത്രമാണെന്ന് അർത്ഥമില്ല.

ഒരു ശാസ്ത്ര ശാഖയെ അല്ല തത്വചിന്തതയെ എതിർകണമെങ്കിൽ അതെ പറ്റി ചുരുങ്ങിയ ഒരു അറിവെങ്കിലും ആവശ്യമാണ്. പാണ്ഡു - കാമില എന്നി രോഗങ്ങളെ വിമർശിക്കുമ്പോൾ ആയുർവേദത്തിലെ ദോഷങ്ങളെ പറ്റി മോഹനന്റെ അല്പജ്ഞാനമാണ് പുറത്തു വരുന്നതു.

പിത്തം എന്ന് കൊണ്ട് ആയുർവേദം വ്യവഹരിക്കുന്നത് ശരീരത്തിലെ പചനപ്രക്രിയകൾ ആണ്. പചന പ്രക്രിയയിൽ കരളിനുള്ള പ്രാധാന്യം നമുക്കറിയാമല്ലോ. പൈത്തികമായ വികാരങ്ങൾ കൊണ്ടാണ് കാമില എന്ന രോഗം ഉണ്ടാകുന്നതു. പല കരൾ രോഗങ്ങളിൽ ആയുർവേദ മരുന്നുകൾ നൽകുന്ന എത്രയോ മോഡേൺ ഡോക്ടർ മാർ ഉണ്ട് എന്ന് Dr  മോഹനന് നിഷേധിക്കാനാവുമോ?

.

ഗ്രീക്ക് പുരാണങ്ങളിലെ പ്രോമിത്യുസ് ദേവന്റെ കഥ പറയുന്നുണ്ട്, സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക്‌ അഗ്നിയെ കൊണ്ടുവന്ന ദേവനാണ് പ്രോമിത്യുസ്. പൗരസ്ത്യ സങ്കൽപം അനുസരിച്ചു ദേഹമാകുന്ന ദേവാലയത്തിലെ പ്രോമിത്യുസ് ആണ് കരൾ. തന്റെ പചന പ്രക്രിയ കാരണം നിരന്തരമായി കോശനാശം സംഭവിക്കുന്ന ഒരു അവയവം, പക്ഷെ പുരാണത്തിലെ പ്രോമിത്യുസിനെ പോലെ, രാത്രിയിൽ കരൾ വിശ്രമിക്കുകയും പകൽ ഉണ്ടായ അപചയത്തെ റീപൈർ ചെയ്യുന്നു. നമ്മുടെ പാരമ്പര്യവും  സംസ്കാരവുമനുസരിച്ചു രാത്രിയിൽ ലഘുഭക്ഷണം എന്ന ഉദാത്തമായ ശാസ്ത്രസത്യം എന്തെ മോഹന കാണാതെ പോകുന്നു? circadian rhythm  എന്ന ഓമനപ്പേരിൽ പറഞ്ഞാലേ ഇത്തരക്കാർക്ക് മനസ്സിലാവൂ.
ഭാരതീയൻ സംബന്ധിച്ചെടുത്തോളം മധ്യാഹ്നത്തിലെ ഭക്ഷണം ആണ് ഏറ്റവും വിഭവ സമൃദ്ധമായതു. പിത്തം അതിന്റെ ഉച്ചിയിൽ എത്തുന്ന സമയം. പിത്തം എന്നാൽ ആഗ്നേയ രസങ്ങളും, എൻസൈമുകളും എന്നർത്ഥം.
പാശ്ച്യാത്യ ലോകത്തിൽ ഡിന്നറിനാണ് പ്രാധ്യാന്യം. ഏറ്റവും കൂടിയ അളവിൽ സായിപ്പ് കഴിക്കുന്നറ്റും അത്താഴം തന്നെ. കൂടെ മേന്പൊടിയായി മദ്യവും. ഈ പ്രവണത കരളിനെ സംബന്ധിച്ചു ഒട്ടും ആശ്വാസ മായ ഒരു പ്രവണത അല്ല. ജീവിത ശൈലി രോഗങ്ങളും കാൻസർ പോലത്തെ വിപത്തുകൾ സ്ഥിതിവിവര കണക്കുകൾ ഇതിനെ സാധൂകരിക്കുന്നു.








No comments: